കാണാമറയത്ത്...

                       
ഇന്നെന്റെ തൂലികത്തുമ്പിന് എന്തൊരു തിളക്കം
പൊടിയുന്ന ഓരോ മഷിക്കും എന്തൊരു  തേജസ്സ്
എഴുതുന്ന ഓരോ അക്ഷരത്തിനും നിന്റെ നിറം നിന്റെ അർഥം
ഞാൻ അറിയാതെ എന്റെ വിരലുകൾ ചലിക്കുകയാണ് നിന്നിലേക്ക്

ചിന്തകളിൽ ചേക്കേറിയ ചിത്രം പോലെ
മിഴികളിൽ മായാത്ത ദൃശ്യം പോലെ
കാതുകളിൽ മുഴങ്ങുന്ന ധ്വനിയായി
മേനിയിൽ തലോടിയ മഴത്തുള്ളിയായി
നിറഞ്ഞൊഴുകുകയാണ് നീ എന്റെ കടലാസ്   കഷ്‌ണങ്ങള്‍ളിൽ

രാപ്പകലില്ലാതെ എന്റെ കിനാക്കളിൽ ഒരു വസന്തകാലം സമ്മാനിച്ച്
വിണ്ണിലും മണ്ണിലും നിന്റെ സാമിപ്യം അറിയിച്ച്
തിരക്കേറിയ വീഥിയിലെ മിന്നിമറയുന്ന
മുഖങ്ങൾക്കിടയിൽ
നിന്നെ തേടിയലഞ്ഞ്‌ പരാജയപ്പെടുന്ന ഈ
രാധ
നീ എന്ന സ്വപ്നത്തിന്,  സത്യമെന്ന്
പേര്  നൽകുകയാണ്  അവളുടെ വരികളിൽ

ചിറകുകളേറി ഒരു  ശലഭംപോൽ  ഞാൻ പറന്നുയുരുന്ന വാനവും
മരുഭൂമിപോലെൻ മനസ്സിൽ കരകവിഞ്ഞൊഴുകുന്ന  നിളയും
കൽവിളക്കുപോൽ കത്തിയെരിയുന്നെൻ ജീവനിൽ അണയാത്ത  അഗ്നിയും
എന്നെ വിടാതെ പിന്തുടർന്ന് പ്രണയംഗന്ധം പകരുന്ന കാറ്റും
എല്ലാം ഇന്നെന്റെ വാക്കുകളിൽ
 നിന്റെ പര്യായം മാത്രം

വര്ണനകൾക്കപ്പുറത്തേക്ക് വർണ്ണങ്ങൾ വാരി വിതറി
കാലം കാത്തുവെച്ച കനിയായി
എന്റെ കാണാമറയത്തുനിന്നും
നിന്റെ കൈവിരലുകൾ ഈ മാത്രയിൽ എന്റെ തൂലികയിൽ സ്പർശിച്ചുവോ
അതോ ഇതും എന്റെ  മറ്റൊരു മിഥ്യയോ


Comments

Popular posts from this blog

അവളുടെ ഓർമ്മകൾ

ഒരു ദില്ലീവാലാ പ്രണയം

എന്ന് സ്വന്തം രാധ...