ചുവന്നഭൂമിയുടെ തീരത്ത്...

മഞ്ഞുമൂടിയ ഈ താഴ്വരയില്‍...ഇന്ന് എല്ലാം ശാന്തം.
മലമുകളില്‍നിന്നും പ്രൗഢിയോടെ ഉദിക്കുന്ന സൂര്യനും.. നിര്‍ത്താതെ ഒഴുകുന്ന പുഴയും സുന്ദരമായ ഈ പുഴ കടവും....എല്ലാം നിശബ്ദം.

പക്ഷെ ഇന്ന് ഈ കടവിൽ ഞാന്‍ ഇരിക്കുമ്പോള്‍ എന്റെ ഹൃദയത്തിനു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഒരു ധ്വനിയുണ്ട്...ഈ പുഴയും മലയും  താണ്ടിപോകുന്ന മരിക്കാത്ത മരണത്തിന്റെ ധ്വനി.

അവസാനശ്വാസംവരെ എന്റെ പേര് ആണയിട്ടു ആവര്‍ത്തിച്ച നിന്റെ സ്വരം എന്റെ കാതുകളില്‍ മുഴങ്ങുന്നു...രക്തത്തില്‍പൂണ്ട് കിടന്നപ്പോഴും എനിക്കായി തിരഞ്ഞുകൊണ്ടിരുന്ന നിന്റെ മിഴികള്‍... ആ ദൃശ്യം അപ്രത്യക്ഷമാകാന്‍ തയ്യാറാകാതെ എന്റെ കൺപോളകളെ പിന്തുടരുകയാണ്... 

നിസ്സഹായയായി ഞാന്‍ നോക്കി നില്‍കുമ്പോള്‍ അവര്‍ നിന്നെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടുത്തി. ചക്രവ്യൂഹങ്ങള്‍ ഭേദിച്ച് നിന്നെ വാരി പുണരാന്‍...ആഴത്തില്‍ പതിഞ്ഞ മുറിവുകള്‍ക്കു ആശ്വാസം നല്‍കാന്‍ ഞാന്‍ കൊതിച്ചു. പക്ഷെ അവര്‍ അനുവദിച്ചില്ല...എന്റെ മുന്നില്‍ നിന്റെ ശ്വാസം നിലച്ചു...ഞാന്‍ കരഞ്ഞു വിളിച്ചിട്ടും തിരികെ വരാന്‍ കഴിയാത്ത ദൂരത്തേക്ക് അവര്‍ നിന്നെ പറഞ്ഞയച്ചു.

ഈ കടവ് കടന്നു മറ്റൊരു ലോകത്ത് സ്‌നേഹംമാത്രം കൂട്ടായി ജീവിക്കാന്‍ സ്വപ്നംകണ്ട നമ്മള്‍ക്ക് ഇതേ കടവില്‍ വെച്ച് ഇതേ പുഴയുടെ തീരത്തു തന്നെ നമ്മുടെ മോഹങ്ങള്‍ ബലിയര്‍പ്പിക്കണ്ടി വന്നു. ഈ പ്രകൃതിയും പ്രപഞ്ചവും എല്ലാം നമ്മളെയും നമ്മുടെ പ്രണയത്തെയും സ്വന്തമായി കണ്ടപ്പോള്‍. നമ്മുടെ സ്വന്തക്കാര്‍ തന്നെ... നമ്മള്‍ സ്‌നേഹിക്കുന്നവര്‍ തന്നെ നമ്മളെ അകറ്റി... നിന്റെ ശരീരവും എന്റെ മനസ്സും അവരുടെ നിഷ്ഠൂരമായ ഹത്യക്കു വിധേയരായി.

മതം....അവരുടെ ഇരുണ്ട കണ്ണുകള്‍ക്ക് കാണാന്‍ സാധിച്ചത് അത് മാത്രമായിരിന്നു...എല്ലാ മതവും സ്നേഹത്തിന്റെ വ്യത്യസ്ത വർണങ്ങളാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല...ഈ പുഴയിലെ ജലം നിന്റെ രക്തത്താല്‍ അവര്‍ മതത്തിന്റെ പേരില്‍  മലിനീകരിച്ചു. ഇന്ന് ഈ പുഴക്ക് ചുവന്ന നിറമാണ്...ഈ കടവിന് നിന്റെ ചോരയുടെ മണമാണ് ...

ഈ നാടും നാട്ടുകാരും അത് മറന്നാലും ഞാന്‍ മറക്കില്ല...ഞാന്‍ കൈകുമ്പിളില്‍ എടുത്തിരിക്കുന്ന ഈ വെള്ളത്തില്‍ ഇന്നെനിക് നിന്റെ മുഖം കാണാം എന്നോട് ഒരുപാടെന്തെക്കെയോ പറയാന്‍ ബാക്കി വെച്ച് പോയ നിന്റെ കണ്ണുകള്‍ കാണാം...എന്റെ മുന്നില്‍ മിന്നിമറയുന്ന ഈ കാറ്റിലൂടെ നിന്റെ ശബ്ദം പ്രധിധ്വനിക്കപ്പെടുന്നത് എനിക്ക് കേള്‍ക്കാം.

ഈ കടവും പുഴയും മലയോരങ്ങളും നിന്റെ സാമിപ്യം എനിക്ക് സമ്മാനിക്കും...അരികില്‍ ഇല്ലാതെ തന്നെ നീ എന്റെ കൂടെയുണ്ടാകും... നമ്മുടെ പ്രണയത്തിന് രക്തത്തിന്റെ കറയേല്‍പ്പിച്ചവരുടെ മുന്നില്‍
പരാജയപെടാതെ ഞാന്‍ ജീവിക്കും....അല്ല...നമ്മള്‍ ജീവിക്കും.

സ്പര്‍ശിക്കാന്‍ കഴിയാത്ത ദൂരത്തുനിന്ന് നിന്റെ കൈവിരലുകള്‍ എനിക്ക് താങ്ങാകും...ഈ താഴ്‌വാരം നമ്മുടെ പ്രണയത്തെ വാഴ്ത്തും...എന്നിലൂടെ നീയും നിന്നിലൂടെ ഞാനും ഇവിടെ നിലകൊള്ളും.

ഒരു ജന്മംകൂടി കാത്തിരുക്കുന്നില്ല എന്തെന്നാല്‍ നിന്നെ എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല... ഇനി നീയോ ഞാനോ ഇല്ല നമ്മള്‍ മാത്രം... എന്നും നമ്മള്‍ പറയാറുള്ള പോലെ....അങ്ങനെയല്ലേ?

//ഏറെ നാളുകൾക്ക് ശേഷം അന്ന് ആ  താഴ്‌വരയില്‍ ആര്‍ത്തലച്ച് മഴ പെയ്തു....കാലം തെറ്റി പെയ്ത മഴയില്‍ പുഴ നിറഞ്ഞൊഴുകി... പുതുമണ്ണിന്റെ ഗന്ധം മലയോര പ്രദേശമാകെ പരന്നു... ജീവജന്തുക്കള്‍ ആഹ്ലാദിച്ചു....കുട്ടികള്‍ സന്ധ്യയോളം മഴയത്ത് കളിച്ചു...ഓരോ മഴതുള്ളിയിലും ഒളിഞ്ഞിരുന്ന സൗരഭ്യം അവള്‍ മാത്രം അറിഞ്ഞു... പ്രണയത്തിന്റെ പകരംവെക്കാനില്ലാത്ത സ്പര്‍ശനം അവളുടെ മനസ്സിലേക്ക് പെയ്തിറങ്ങി//

Comments

Popular posts from this blog

അവളുടെ ഓർമ്മകൾ

ഒരു ദില്ലീവാലാ പ്രണയം

എന്ന് സ്വന്തം രാധ...