എന്നും നിന്നൊപ്പം...

എനിക്കൊന്നു പൊട്ടിക്കരയണം എന്നുണ്ട്..പക്ഷെ ഇവിടത്തെ ബഹളങ്ങളിൽ അതിനു പോലും സാധിക്കാതെ ഞാൻ നിശബ്ദയായി നിന്നു.
നാളെ എന്റെ കല്യാണം ആണ് അതും ഞാൻ ഈ ലോകത്ത്‌  ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ആളുമായിട്ട്.
ഈ കല്യാണം അത് എന്റെ ആവിശ്യമായിരിന്നു...എന്റെ വാശിയായിരുന്നു
നാളെ പുലർച്ചെ ഞങ്ങൾ  എല്ലാവരും പോകും രാഹുലിന്റെ അടുത്തേക്ക്... രാഹുലിന്റെ വീട്ടുകാർ അവിടെയുണ്ടാകും അവിടെ വെച്ചാണല്ലോ കല്യാണം

പിറ്റേന്ന്;
മൂഹൂർത്തതിന്  സമയമായി താലി കെട്ടിക്കോളു... സ്വാഭാവികമായി ഒരു കല്യാണത്തിൽ ഉണ്ടാകുന്ന മേളങ്ങളോ സദ്യവട്ടങ്ങളോ ബന്ധുക്കളോ ആരും ഇല്ല...ഞാനും രാഹുലും ഞങ്ങളുടെ വീട്ടുകാരും പിന്നെ എന്റെ വീണുടഞ്ഞ കുറച്ചു മോഹങ്ങളും.
ഒരു പ്രണയ വിവാഹം അല്ലാത്തോണ്ട് ആരുടേം എതിർപ്പിലായിരിന്നു...ആറു മാസം മുൻപ് വിവാഹ ആലോചന മുഖേന പരിചയപ്പെട്ട ഞങ്ങൾ വളരെ പെട്ടന്നാണ് അടുത്തത്.

"ചടങ്ങുകൾ എല്ലാം കഴിഞ്ഞു "  അച്ഛൻ പറഞ്ഞു.
പൂജാരികളോ മന്ത്രങ്ങളോ താലപ്പൊലികളോ ഒന്നും ഇല്ല....പക്ഷെ ഞങ്ങടെ കല്യാണം കഴിഞ്ഞു. ഞാൻ ഏറ്റവും  അധികം സ്നേഹിക്കുന്ന പുരുഷൻ ഇന്നെന്റെ ജീവിത  പങ്കാളിയാണെന്നുള്ള സത്യം മനസ്സ് തളരാതെ ആനന്ദത്തോട് കൂടി വിശ്വസിക്കാൻ ഞാൻ ശ്രമിക്കുന്നു.
കല്യാണ ശേഷം എല്ലാവരും അവിടന്ന് യാത്രയായി...ഞാനും രാഹുലും ഞങ്ങളുടെ പുതിയ വീടും മാത്രം ആയി അവിടെ.

പുറത്തു നല്ല മഴയും ഇടിവെട്ടും ആണ്....മഴ തുള്ളികൾ രാഹുലിന്റെ മുഖത്തേക്ക് തെറിക്കാൻ തുടങ്ങിയിരുന്നു...ഞാൻ ഓടി പോയി ജനാല അടച്ചു.
ആ നിമിഷം വരെ നിയന്ത്രിച്ചു  നിർത്തിയ മനസ്സിനെ അവന്റെ മുന്നിൽ പൊട്ടി കരയാൻ അനുവദിച്ചുകൊണ്ട് ഞാൻ അവനെ തിരിഞ്ഞു നോക്കി ...

നിഷ്കളങ്കമായ ഒരു പുഞ്ചിരി സമ്മാനിച്ച് എന്നെ അടുത്തിരുത്തി ഒരായിരം തവണ നന്ദി പറഞ്ഞു അവൻ എന്നോട്. ഇനിയൊരിക്കലും കട്ടിലിൽ നിന്നും എണീക്കാൻ കഴിയില്ല എന്നറിഞ്ഞട്ടു പോലും അവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഞാൻ പറഞ്ഞതിന്.
ദിവസങ്ങൾക്കു മുന്നേ ഞങ്ങളുടെ സ്വപ്നങ്ങളെ തകർത്ത ആ അപകടത്തെ
 പഴിചാരി...അവന്റെ നെഞ്ചിൽ കിടന്നു ഞാൻ വിതുമ്പി.

"ആർത്തലച്ചു പെയ്യുന്ന ഈ മഴപോലും നിന്റെ മനസ്സിന്റെ ശക്തിക്കു മുന്നിൽ ഒന്നുമല്ലാതായി പോകുകയാണ്" ഇടറുന്ന ശബ്ദത്തോട് കൂടി അവൻ പറഞ്ഞു.
എന്നെ ആശ്വസിപ്പിക്കണമെന്നുണ്ടെങ്കിൽ പോലും അവന്റെ പരിമിതികൾ  അവനെ തടയുന്നു എന്നത് അവന്റെ കണ്ണുകളിൽനിന്നും വ്യക്തം. തളർന്നിരിക്കുന്ന  അവന്റെ കയ്യുകൾ ചേർത്ത് പിടിച്ച് എന്റെ മനസ്സിന്റെ  ശക്തി അവന്റെ ശരീരത്തിന്റെ ഊർജ്ജവും തിരിച്ചു കൊണ്ടുവരും എന്ന് ഞാൻ അവന് ഉറപ്പു നൽകി.





Comments

Popular posts from this blog

അവളുടെ ഓർമ്മകൾ

ഒരു ദില്ലീവാലാ പ്രണയം

എന്ന് സ്വന്തം രാധ...